ഇനി റാഗി കൊണ്ട് ഇഡലി ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ! ഗുണങ്ങൾ ഏറെയുള്ള പഞ്ഞി പോലെയുള്ള റാഗി ഇഡ്ഡലി!! | Soft Ragi Idli Recipe
Soft Ragi Idli Recipe
ആരോഗ്യ ഗുണമുള്ള റാഗി കൊണ്ട് ഇഡലി ഉണ്ടാക്കാൻ സാധിക്കും. പൂ പോലെയുള്ള ഇഡലി പച്ചരി കൊണ്ട് മാത്രമല്ല റാഗി കൊണ്ടും ഉണ്ടാക്കാവുന്നതാണ്. ഇത് നമ്മൾ സാധാരണ ഇഡ്ഡലി കഴിക്കുന്ന പോലെ സാമ്പാറിന്റെയോ ചട്നിയുടെയോ കൂടെ കഴിക്കാവുന്നതുമാണ്. ഒരു ബൗളിലേക്ക് റാഗിയും, ഇഡലി അരിയും, ഉഴുന്നും, ഉലുവയും ഇട്ട് നന്നായി ആറോ ഏഴോ പ്രാവശ്യം കഴുകിയെടുക്കുക.
- റാഗി – 1. 1/2കപ്പ്
- ഇഡലി അരി – 3/4 കപ്പ്
- ഉഴുന്നു – 1/2 കപ്പ്
- ഉലുവ ഒരു ടീസ്പൂൺ
- അവൽ – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
നന്നായി വൃത്തിയായി കഴുകിയ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വീണ്ടും അരിയെല്ലാം മുങ്ങി കിടക്കുന്ന വിധത്തിൽ വെള്ളമൊഴിച്ച് അടച്ചു വെക്കുക. മിനിമം 6 മണിക്കൂർ എങ്കിലും കുതിരാൻ വയ്‌ക്കേണ്ടതാണ്. ആറു മണിക്കൂറിന് ശേഷം കുറച്ച് അവലെടുത്ത് ഒരു ബൗളിലേക്ക് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് 10 മിനിറ്റ് കുതിരാൻ വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നേരത്തെ കുതിർക്കാൻ വെച്ച റാഗിയും അരിയും എല്ലാം വെള്ളം ഊറ്റി കളഞ്ഞു കുറേശ്ശെയായി കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ രണ്ടു മൂന്ന് തവണയായി അരക്കേണ്ടി വരും.
അപ്പോൾ അവസാനത്തെ തവണ അരക്കുമ്പോൾ അവൽ കുതിർത്തത് കൂടിയിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇതൊരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിനു ഉപ്പ് ചേർത്ത് കൈകൊണ്ട് തന്നെ നന്നായി കുഴച്ച് അടച്ചു വെക്കുക. രാത്രി മുഴുവൻ അടച്ചു വെച്ച ശേഷം രാവിലെ എടുക്കുമ്പോൾ ഇത് നന്നായി പുളിച്ചു പൊന്തി വന്നിട്ടുണ്ടാകും. ഉപ്പ് ആവശ്യമാണെങ്കിൽ കുറച്ചു കൂടി ഇട്ടു കൊടുക്കുക അതുപോലെ വെള്ളം വേണമെങ്കിൽ നോക്കിയിട്ട് കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കുക. ദോശ മാവിനേക്കാൾ കട്ടിയിൽ ആയിരിക്കണം മാവ് ഇരിക്കേണ്ടത്.
ഇനി അടുപ്പിൽ ഒരു ഇഡ്ഡലി ചെമ്പ് വെച്ച് വെള്ളം ഒഴിച്ച് നന്നായി തിളക്കുമ്പോൾ ഇഡ്ഡലിത്തട്ടിൽ വെളിച്ചെണ്ണ തടവി ഇഡലി ചെമ്പിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ഓരോ തവി മാവ് ഇഡ്ഡലി ചെമ്പിലെ തട്ടിലേക്ക് ഒഴിച്ചുകൊടുത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുത്താൽ രാഗി ഇഡ്ഡലി റെഡി. Credit: Siva Prasad