Wheat Flour Noodles Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളായിരിക്കും ദോശയും, അപ്പവും ചപ്പാത്തിയുമെല്ലാം. എന്നാൽ എല്ലാ ദിവസവും ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ എല്ലാവർക്കും മടുപ്പ് തോന്നാറുണ്ട്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർക്ക് കടകളിൽ നിന്നും വാങ്ങുന്ന ന്യൂഡിൽസും മറ്റും കഴിക്കാനായിരിക്കും കൂടുതൽ താല്പര്യം. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള
ഗോതമ്പുപൊടി ഉപയോഗിച്ച് തന്നെ രുചികരമായ രീതിയിൽ എങ്ങിനെ ഒരു ന്യൂഡിൽസ് തയ്യാറാക്കി കൊടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് ചപ്പാത്തി മാവിന് കുഴച്ചെടുക്കുന്ന അതേ പരുവത്തിൽ കുഴച്ചെടുക്കണം. ശേഷം ഒരു സേവനാഴി എടുത്ത് അതിനകത്ത് അല്പം എണ്ണ സ്പ്രെഡ് ചെയ്തു കൊടുക്കുക.
കുഴച്ചു വെച്ച ചപ്പാത്തി മാവിനെ ചെറിയ ഉരുളകളാക്കി മാറ്റിവയ്ക്കണം. ഇത്തരത്തിലുള്ള രണ്ടോ മൂന്നോ ഉരുളകൾ സേവനാഴിയുടെ അകത്തേക്ക് നിറച്ചു കൊടുക്കുക. ഒരു പാനിൽ വെള്ളമെടുത്ത് തിളപ്പിക്കാനായി സ്റ്റൗവിൽ വയ്ക്കുക. വെള്ളം നല്ല രീതിയിൽ വെട്ടി തിളച്ചു തുടങ്ങുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച സേവനാഴിയിൽ നിന്നും മാവ് അതിലേക്ക് പ്രസ് ചെയ്തു കൊടുക്കുക. വെള്ളത്തിൽ കിടന്ന് മാവ് നല്ല രീതിയിൽ വെന്ത് കിട്ടണം. ശേഷം അല്പം തണുത്ത വെള്ളമൊഴിച്ച് ന്യൂഡിൽസ് തണുക്കാനായി മാറ്റിവയ്ക്കാം.
ഈയൊരു സമയം കൊണ്ട് മറ്റൊരു പാൻ എടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് സവാള, തക്കാളി എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് അല്പം ഉപ്പും ചെറുതായി അരിഞ്ഞുവെച്ച ക്യാപ്സിക്കം, ക്യാരറ്റ് എന്നിവയും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം കുറച്ച് സോയാസോസും, ടൊമാറ്റോ സോസും കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്യണം. നേരത്തെ തയ്യാറാക്കി വെച്ച നൂഡിൽസ് കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്ത് ഒന്നുകൂടി അടച്ചു വെച്ച ശേഷം സ്റ്റൗ ഓഫ് ചെയ്ത് ചൂടോടെ സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu