റോഷാക്ക് അമാനുഷികനോ അതോ സൈക്കോയോ.? മമ്മൂട്ടി ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.!! | Rorschach movie Details
Rorschach movie Details : മമ്മൂട്ടിയെ നായകനാക്കി ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘റോഷാക്ക്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. റോഷാക്ക് മാസ്ക് ധരിച്ച മമ്മൂട്ടിയാണ് പോസ്റ്ററിൽ കൗതുകം ഉണർത്തിയത്. വിശകലന ആവശ്യങ്ങൾക്കും പ്രൊഫൈലിങ്ങിനുമായി സൈക്കോളജിസ്റ്റുകൾ ഉപയോഗിക്കുന്ന ഇൻക്ബ്ലോട്ട് ടെസ്റ്റിനെയാണ് റോർഷാക്ക് സൂചിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ ‘റോഷാക്ക്’ ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും എന്ന് ഉറപ്പായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജഗധീഷ്, ഷറഫുദ്ധീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, സഞ്ജു ശിവറാം, ബാബു അന്നൂർ, റിയാസ് നർമ്മകല, അനീഷ് ഷൊർണൂർ, ജോർഡി പൂഞ്ഞാർ തുടങ്ങിയ വലിയ താരനിര ചിത്രത്തിന്റെ ഭാഗമാണ്. അഭിനേതാക്കൾക്ക് പുറമെ അണിയറയിലും പ്രഗത്ഭാരായ വ്യക്തികളാണ് പ്രവർത്തിക്കുന്നത്.
ലൂക്ക, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ നിമിഷ് രവി ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതവും നിർവ്വഹിക്കുന്നു. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ് മമ്മൂട്ടി ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷ ‘റോഷാക്ക്’ന്റെ സഹനിർമ്മാതാവാണ്. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായതുക്കൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.