Kinnathil Orotti Recipe : പച്ചരിയും തേങ്ങയും കൊണ്ട് ഒരു സൂപ്പർ പലഹാരം. ദോശയും ഇഡ്ഡലിയുമെല്ലാം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ പഴയകാല പലഹാരം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഈ പലഹാരം തയ്യാറാക്കാനായി ഒന്നേ മുക്കാൽ ഗ്ലാസ് പച്ചരി 2 മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. ശേഷം ഈ അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
പലഹാരക്കൂട്ട് തയ്യാറാക്കിയെടുക്കാൻ ഒരു മിക്സിയുടെ ജാറിലേക്ക് 15 ചെറിയ ഉള്ളി, മുക്കാൽ ഗ്ലാസ് തേങ്ങ ചിരകിയത്, 1 സ്പൂൺ ജീരകം എന്നിവയിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ അരപ്പിലേക്ക് കഴുകി വെച്ച പച്ചരിയും മുക്കാൽ ഗ്ലാസ് ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഉപ്പു ചേർത്തു കൊടുക്കുക. അടുത്തതായി മാവ് നല്ല ലൂസാക്കി എടുക്കണം.
മാവ് കട്ടി ആയിട്ടുണ്ടെങ്കിൽ തയ്യാറാക്കുന്ന പലഹാരവും കട്ടിയായി പോവും. നല്ല സോഫ്റ്റായി വരാനും ഒട്ടാതിരിക്കാനും പാകത്തിന് വെള്ളം ചേർക്കാൻ ശ്രദ്ധിക്കണം. ഇതിനായി വെളളം അല്പാല്പമായി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ നല്ലതു പോലെ ലൂസാക്കിയ കൂട്ട് ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് ഒഴിച്ച് ഇഡ്ഡലി പാത്രത്തിൽ വെച്ച് പതിനഞ്ചു മുതൽ ഇരുപത് മിനുട്ട് വരെ ആവിയിൽ വേവിക്കുക.
ഒരു കത്തിയോ സ്പൂണോ ഉപയോഗിച്ച് വെന്തോ എന്ന് ഉറപ്പാക്കിയ ശേഷം തീ ഓഫ് ചെയ്യുക. ഇങ്ങനെ തയ്യാറാക്കിയ പലഹാരം തണുക്കാനായി മാറ്റി വെയ്ക്കുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. പഴമയുടെ രുചിയിൽ തയ്യാറാക്കിയ ഈ പലഹാരം നല്ല എരിവുള്ള മീൻ കറിയോ ചിക്കൻ കറിയോ കൂട്ടി കഴിച്ചാൽ പിന്നെ പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല. Video Credit : Aswad foodies