Easy Naadan Kumbalanga Curry Recipe: നമ്മൾ മലയാളികൾക്ക് ഊണിന് വേറെ എന്തെല്ലാം ഉണ്ടായാലും ഒഴിച്ചു കറി ഇല്ലെങ്കിൽ വല്ലാത്ത വിഷമം ആണ്. ഇനി മുതൽ കുമ്പളങ്ങ കൊണ്ട് കറി വക്കാൻ നോക്കുമ്പോൾ പരിപ്പും, മോരും, ഇല്ലെങ്കിൽ വിഷമിക്കണ്ട. പരിപ്പും മോരും ഇല്ലാതെ ഒരു കിടിലൻ കുമ്പളങ്ങ കറി ഉണ്ടാക്കാം. നമ്മൾ ഉണ്ടാക്കുന്ന നാടൻ കറിയുടെ മുഴുവൻ രുചി കിട്ടാനായി കറി മൺചട്ടിയിൽ വെക്കുന്നതാണ് നല്ലത്.
ചട്ടിയിലേക്ക് കാൽ കിലോ കുമ്പളങ്ങ, 3 പച്ചമുളക്, ഒരു വലിയ തക്കാളി എന്നിവ അരിഞ്ഞ് എടുക്കുക. ശേഷം ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് സ്റ്റോവ് ഓൺ ചെയ്‌തു തിളപ്പിക്കാൻ വക്കുക. തിളച്ചതിനു ശേഷം മൂടിവെച്ചു വേവിക്കുക.
ഇടക്ക് തുറന്ന് നോക്കി വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കണം. അതിനു ശേഷം അരപ്പ് തയ്യാറാക്കുന്നതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും, രണ്ട് ചുവന്നുള്ളി അരിഞ്ഞതും, കാൽ സ്പൂൺ നല്ല ജീരകവും ചേർത്ത് നന്നായി അരച്ചെടുക്കുക. കുമ്പളങ്ങ നന്നായി വെന്തു കഴിഞ്ഞാൽ ഈ അരപ്പ് ചട്ടിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി തീ കുറച്ചു ചെറുതായി തിളപ്പിക്കണം. നന്നായി തിളച്ചാൽ തേങ്ങാ പിരിഞ്ഞു പോകും.
ചെറുതായി തിള വന്നു കഴിഞ്ഞാൽ കറി അടുപ്പിൽ നിന്നും ഇറക്കി വക്കാം. ഇനി വറവിടാനായി ഒരു ചീന ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ ഒരു സ്പൂൺ കടുകിട്ട് പൊട്ടിക്കുക. ശേഷം മൂന്ന് വറ്റൽ മുളക്, ആറ് ചുവന്നുള്ളി അറിഞ്ഞത്, അല്പം കറിവേപ്പില എന്നിവ ചേർത്ത് നല്ല ബ്രൗൺ നിറം ആകുമ്പോൾ കറിയിലേക്ക് ചേർത്ത് കൊടുക്കുക. നല്ല നാടൻ കുമ്പളങ്ങാ കറി റെഡി. Credit: Rathna’s Kitchen