ഇനിമുതൽ കടയിൽ നിന്ന് പാക്കറ്റ് സാമ്പാർ കൂടി വാങ്ങിക്കേണ്ട ആവശ്യം വരുന്നില്ല! വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കൂടുതൽ നാൾ സ്റ്റോർ ചെയ്തു വെക്കാൻ പറ്റുന്ന സാമ്പാർ പൊടി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അല്പനേരം ഇതിനായി മാറ്റിവെച്ചാൽ രണ്ടുമാസം വരെ ഉപയോഗിക്കാനുള്ള സാമ്പാർ പൊടി നമുക്ക് തയ്യാറാക്കാം. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് കാശ്മീരി മുളകും വറ്റൽ മുളകും ഇട്ട് നന്നായി വറുത്തെടുക്കുക.
- കാശ്മീരി മുളക് – 1 കപ്പ്
- വറ്റൽമുളക് – 1 കപ്പ്
- മല്ലി- 5 ടേബിൾ സ്പൂൺ
- പച്ചക്കടല പരിപ്പ് – 2 ടേബിൾ സ്പൂൺ
- ഉഴുന്നുപരിപ്പ് – 2 ടേബിൾ സ്പൂൺ
- ഉലുവ – 1 ടീ സ്പൂൺ
- ചെറിയ ജീരകം – 1 ടീ സ്പൂൺ
- കായം – 1/4 കപ്പ്
- വേപ്പില – 1 കപ്പ്
- മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ
ശേഷം ഇത് ഒരു വലിയ ബൗളിലേക്ക് മാറ്റിവെച്ച് അതേ പാനിലേക്ക് മല്ലി ഇട്ടു കൊടുത്തു നന്നായി വറക്കുക. മല്ലിയുടെ നിറം ചെറുതായി മാറി വരുമ്പോൾ മല്ലിയും പാനിൽ നിന്ന് നേരത്തെ മാറ്റിവെച്ച ബൗളിലേക്ക് മാറ്റിവെക്കുക. ഉഴുന്നു പരിപ്പും കടല പരിപ്പും ഒരുമിച്ചിട്ട് വറുത്ത ശേഷം ബൗളിലേക്ക് മാറ്റിവെക്കുക. പിന്നീട് ഇതിലേക്കു ഉലുവയും ചെറിയ ജീരകവും ഇട്ട് വർക്കുക. ഉലുവയും ചെറിയ ജീരകവും ചൂടായി കഴിയുമ്പോൾ അതും ആ ബൗളിലേക്ക് മാറ്റിവെക്കുക.
ശേഷം കായം ചെറിയ കഷ്ണങ്ങളാക്കി ഇട്ട് നന്നായി മൂപ്പിക്കുക. അവസാനമായി വേപ്പില കൂടിയിട്ട് നന്നായി വറുത്തെടുത്ത് ബൗളിലേക്ക് മാറ്റുക. ബൗളിൽ ഉള്ള എല്ലാം ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ കുറേശ്ശെ ഇട്ട് പൊടിച്ചെടുക്കുക.. ആദ്യം കുറച്ചിട്ട് പൊടിച്ച ശേഷം രണ്ടാമത്തെ ഭാഗം പൊടിക്കാൻ ഇടുമ്പോൾ മഞ്ഞൾപ്പൊടി കൂടി ഇട്ടു പൊടിക്കുക. ശേഷം ഇതെല്ലാം കൂടി ഒരു ബൗളിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്തു ഒരു ചില്ല് കുപ്പിയിൽ ഇട്ട് അടച്ചു വെക്കാവുന്നതാണ്. Credit: Paadi Kitchen