Easy Egg Snack Recipe : മുട്ട ഉപയോഗിച്ച് നിരവധി രീതികളിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം ഉള്ളതാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ടത്തോരൻ എന്നിങ്ങനെ മുട്ട വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാൽ പുഴുങ്ങിയ മുട്ട വെച്ച് തയ്യാറാക്കാവുന്ന അധികമാരും ട്രൈ ചെയ്യാത്ത ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെ എളുപ്പത്തിൽ എന്നാൽ രുചികരമായി
തയ്യാറാക്കി എടുക്കാവുന്ന ഒരു മുട്ട വിഭവം തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ആദ്യം തന്നെ ആവശ്യമുള്ള അത്രയും മുട്ടകൾ എടുത്ത് അത് പുഴുങ്ങി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം മുട്ട രണ്ടായി മുറിച്ച് അതിന്റെ നടുവിലെ മഞ്ഞക്കരു ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. എടുത്തു വച്ച മഞ്ഞക്കരു ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ പൊടിച്ചെടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, സവാള ചെറുതായി അരിഞ്ഞത് എന്നിവ പാനിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. സവാളയുടെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, അല്പം കുരുമുളകുപൊടിയും, ചിക്കൻ മസാലയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. അതിലേക്ക് മുട്ടയുടെ മഞ്ഞക്കരു കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം.
മിക്സിയുടെ ജാറിലേക്ക് രണ്ട് പച്ചമുളക്, ഒരുപിടി അളവിൽ തേങ്ങ, പുതിനയില, മല്ലിയില ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. മുറിച്ചുവെച്ച മുട്ടയുടെ അകത്ത് ഈയൊരു കൂട്ട് ആദ്യത്തെ ഫില്ലിംഗ് ആയി കൊടുത്ത് മുകളിൽ മുട്ടയുടെ മഞ്ഞക്കരു മിക്സ് ചെയ്ത ഫില്ലിങ്ങ്സ് കൂടി കൊടുക്കുക. ഇത്രയും ചെയ്താൽ നല്ല കിടിലൻ സ്നാക്ക് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Egg Snack Recipe Credit : cook with shafee