Easy Dosa Without Urad Dal: ഉഴുന്ന് ഇടാതെ തേങ്ങയും പച്ചരിയും മാത്രം ഉപയോഗിച്ച് നമുക്ക് ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് സാധാ ദോശ പോലെ തന്നെ നല്ല സോഫ്റ്റും അതുപോലെ രുചികരവും ആണ്. ഇത് നമ്മൾ സാധാ ദോശ കഴിക്കുന്ന പോലെ തന്നെ ഏതു കറിയുടെ കൂടെ വേണമെങ്കിലും നമുക്ക് കഴിക്കാവുന്നതാണ്. ഒരു ബൗളിലേക്ക് പച്ചരി ഇട്ട് കൂടെ തന്നെ ഉലുവയും കൂടിയിട്ട് നന്നായി കഴുകിയെടുക്കുക.
- പച്ചരി – 1 കപ്പ്
- ഉലുവ – 1/2 ടീസ്പൂൺ
- അവൽ – 1/2 കപ്പ്
- തേങ്ങ ചിരകിയത് – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
വെള്ളം തെളിഞ്ഞു വരുന്നവരെ വൃത്തിയായി കഴുകിയെടുത്ത ശേഷം കുറച്ചുകൂടി വെള്ളം ഒഴിച്ച് അരി കുതിരാൻ വെക്കുക. കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും കുതിരാൻ വെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കുതിർന്ന അരി വെള്ളം ഊറ്റി കളഞ്ഞ് ഇട്ടു കൊടുക്കുക. അവൽ ഒരു ചെറിയ ബൗളിൽ കുറച്ചു വെള്ളം ഒഴിച്ച് 5 മിനിറ്റ് കുതിർത്ത് ശേഷം അതുകൂടി മിക്സിയുടെ ജാറിലേക്ക് അരിയുടെ ഒപ്പം ഇട്ടുകൊടുക്കുക.
ഇതിലേക്ക് തേങ്ങ ചിരകിയതും ആവശ്യത്തിനു വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി എട്ടുമണിക്കൂർ എങ്കിലും അടച്ചുവെക്കുക. രാത്രി അരച്ചു വെച്ചാൽ രാവിലെ ദോശ ഉണ്ടാക്കാവുന്നതാണ്. മാവിൽ ആവശ്യത്തിന് ഉപ്പിട്ട് കൊടുത്തു നന്നായി ഇളക്കിയശേഷം ചൂടായ പാനിലേക്ക് ഓരോ തവി ഒഴിച്ച് ചുറ്റിച്ച് ദോശയായി ചുട്ടെടുക്കാം. ദോശ വെന്തു തുടങ്ങുമ്പോൾ ഒരു മൂടി കൊണ്ട് അടച്ചുവെച്ച് മറിച്ചിടാതെ വേവിച്ചെടുക്കുക. ബാക്കിയുള്ള മാവ് കൂടി ഇതുപോലെ ഒഴിച്ചു കൊടുത്തു ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്. Credit: Sunitha’s UNIQUE Kitchen