പഴവും ഗോതമ്പു പൊടിയും കൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം.. ചായ തിളയ്ക്കുന്ന നേരം കൊണ്ട് കടി റെഡി.!! | Banana Wheat Snack Recipe
Banana Wheat Snack Recipe Malayalam : ഗോതമ്പ് പൊടിയും പഴവുമുണ്ടോ എങ്കിൽ ചായക്ക് കടി ഗംഭീരമാക്കാം. എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വളരെ ടേസ്റ്റിയായ ഈ നാലുമണി പലഹാരം എങ്ങനെയാണ് തയ്യാറാക്കുക എന്നു നോക്കാം. ആദ്യമായി ഒരു പാൻ ചൂടാക്കി രണ്ട് ടേബിൾ സ്പൂൺ നെയ്യൊഴിക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വീതം അണ്ടിപ്പരിപ്പും കിസ്മിസും ഗോൾഡൻ കളർ ആവുന്നത് വരെ റോസ്റ്റ് ചെയ്തെടുക്കുക.
ഒരു കപ്പ് തേങ്ങ ചിരകിയത് കൂടെ ചേർത്ത് തേങ്ങയുടെ നിറം മാറുന്നത് വരെ വഴറ്റിയ ശേഷം രണ്ട് വലിയ നേന്ത്രപ്പഴം ചെറുതായി മുറിച്ചത്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ ഏലക്ക പൊടി എന്നിവ ഇട്ടുകൊടുക്കാം. പഴം ഏതായാലും നന്നായി പഴുത്ത പഴം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര മുഴുവൻ ഉരുകി യോജിക്കുന്ന വരെ ചെറു തീയിൽ നന്നായി ഇളക്കിയെടുക്കുക. ഇങ്ങനെ തയ്യാറാക്കിയ മിക്സ് മറ്റൊരു പാത്രത്തിലേക്ക് തണുക്കാനായി മാറ്റി വെക്കുക.

ഈ സമയത്ത് പലഹാരത്തിന് വേണ്ട മാവ് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തിൽ ഒന്നര കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒന്നര കപ്പ് ശർക്കരപ്പാനി (ഒന്നര കപ്പ് വെള്ളത്തിൽ 3 അച്ച് ശർക്കരയിട്ട് തിളപ്പിച്ച് അരിച്ചെടുത്ത വെള്ളം) അൽപാല്പമായി ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം നേരത്തെ തയ്യാറാക്കിയ പഴത്തിൻ്റെ കൂട്ട് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ സമയത്ത് ഒരു ടീസ്പൂൺ നെയ്യ്, കാൽ ടീസ്പൂൺ ഏലക്ക പൊടി എന്നിവ കൂടെ ചേർത്ത് നൽകാം.
ഇനി ഒരു പാത്രത്തിൽ ബട്ടർ പേപ്പറോ, വാഴയിലയോ വെച്ചതിനു ശേഷം തയ്യാറാക്കിയ മാവ് മുഴുവനായി ഒഴിച്ചു കൊടുക്കാം. ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഈ പാത്രം ഇറക്കി വെച്ച് അടച്ച ശേഷം 20 മിനുട്ട് മീഡിയം തീയിൽ വെച്ച് വേവിച്ചെടുക്കണം. വേവ് കൃത്യമായി എന്നുറപ്പാക്കി, തണുക്കാനായി മാറ്റി വെക്കുക. നന്നായി തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെച്ച് മുറിച്ച് വിളമ്പാം. Video Credit : Hisha’s Cookworld